ക്യാമറ വാങ്ങുമ്പോള്‍ ......
ഒരു ക്യാമറയില്‍ മികച്ച ചിത്രങ്ങള്‍ എങ്ങിനെ എടുക്കാം എന്നതിനെക്കുറിച്ചാണ് നാം കാണുവാന്‍ പോകുന്നത്. സ്വന്തമായി ഒരു ക്യാമറയും പരീക്ഷണങ്ങള്‍ നടത്തി നോക്കുവാനുള്ള മനസ്സും തുടര്‍ന്നുള്ള പഠനത്തിന് ആവശ്യമാണ്.ബ്രിഡ്ജ് ക്യാമറകള്‍
എന്താണ് ബ്രിഡ്ജ് ക്യാമറകള്‍? പോയിന്റ് ആന്റ് ഷൂട്ട് വിഭാഗങ്ങളിലുള്ള ചെറു ക്യാമറകള്‍, വിദഗ്ദോപയോഗങ്ങള്‍ക്കുപയോഗിക്കുന്ന ഡിജിറ്റല്‍ എസ്‌എല്‍ആര്‍ ക്യാമറകള്‍; ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുന്ന, ഇവയ്ക്കിടയിലുള്ള ക്യാമറകളെയാണ് ബ്രിഡ്ജ് ക്യാമറകള്‍ എന്നു പറയുന്നത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളിലേതുപോലെ ഓട്ടോമാറ്റിക് സെറ്റിംഗുകള്‍, ഇന്‍ബില്‍റ്റ് ഫ്ലാഷ്, ലൈവ് പ്രിവ്യൂ എന്നിവയൊക്കെ ഇവയിലും ലഭ്യമായിരിക്കും. എന്നാൽ ഇതുകൂടാതെ ഡിജിറ്റൽ എസ്‌എല്‍ആര്‍ ക്യാമറകളില്‍ ലഭ്യമായ മാന്വല്‍ ക്രമീകരണ സാധ്യതകളും ഇവയിൽ ഉണ്ടെന്നതാണ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളില്‍നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ഡിജിറ്റല്‍ SLR ക്യാമറകളിലേതുപോലെ വിവിധ ലെന്‍സുകള്‍ മാറ്റിവെക്കാനോ പ്രത്യേക ഫ്ലാഷുകള്‍ ഘടിപ്പിച്ച് അവയെ ക്യാമറയില്‍നിന്നുതന്നെ നിയന്ത്രിക്കുവാനോ ഇവയില്‍ കഴിയുകയില്ല.
കാനന്‍ പവര്‍ഷോട്ട് S5 IS, സോണി സൈബർഷോട്ട് DSC-H50 എന്നിവയൊക്കെ ഈ വിഭാഗത്തില്‍ വരുന്ന ക്യാമറകളാണ്. പ്രത്യേക ലെന്‍സുകള്‍ ഉപയോഗിക്കാതെതന്നെ 12x (ചിലപ്പോള്‍ അതിലും കൂടുതലും) വരെ സൂം ചെയ്യുവാനുള്ള കഴിവ്, മാക്രോ മോഡില്‍ ചിത്രങ്ങളെടുക്കുവാനുള്ള സാധ്യത, വ്യൂഫൈന്‍ഡറിലൂടെയും എല്‍സിഡി ഡിസ്പ്ലേയിലൂടെയും എടുക്കാവാൻ പോകുന്ന ചിത്രത്തിന്റെ ലൈവ് പ്രിവ്യൂ, ഫ്ലാഷ് ലൈറ്റിന്റെ ശക്തി ക്രമീകരിക്കുവാനുള്ള സാധ്യത ഉൾപ്പെടുന്ന ഇന്‍ബില്‍റ്റ് ഫ്ലാഷ് എന്നിവയൊക്കെയാണ് ഈ ക്യാമറകളുടെ പ്രധാന സവിശേഷതകള്‍. ഇതുകൂടാതെ കൂടുതൽ മികച്ച രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്തുവാൻ സാധിക്കത്തക്ക രീതിയില്‍ ഷട്ടര്‍ സ്പീഡ്, അപ്പര്‍ച്ചര്‍, ISO, വൈറ്റ് ബാലന്‍സ് എന്നിവയൊക്കെ ക്രമീകരിക്കുവാനുള്ള കഴിവും ഈ ക്യാമറകള്‍ക്കുണ്ടാകും.
ഡിജിറ്റല്‍ SLR ക്യാമറകളുടേതിനു സമാനമായ മെനു ഓപ്ഷനുകളാവും ഇവയ്ക്കും ഉണ്ടായിരിക്കുക. എന്നാൽ ISOയുടെ വിലയിലും സെന്‍സറില്‍ പതിയുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തിലും ഇവ ഡിജിറ്റല്‍ SLRനെ അപേക്ഷിച്ച് വളരെ പിന്നിലായിരിക്കും. മാത്രമവുമല്ല റോ ഫോര്‍മാറ്റിലുള്ളതും വളരെ കൂടിയ റെസൊല്യൂഷനിലുള്ളതുമായ ചിത്രങ്ങൾ ഈ ക്യാമറകളില്‍ ലഭ്യമായിരിക്കണമെന്നില്ല.
ചില ബ്രിഡ്ജ് ക്യാമറകളില്‍ രണ്ടാംഘട്ട ലെന്‍സുകള്‍ ഉപയോഗിച്ച് മാക്രോ, സൂം എന്നിവ കൂടുതല്‍ മികവുറ്റതാക്കുവാനുള്ള സാധ്യതയും ലഭ്യമാണ്. വെബ് ഡിസൈനിംഗ്, മള്‍ട്ടിമീഡിയ എന്നിവിടങ്ങളില്‍ ഉപയോഗിക്കുവാനുള്ള, ഗുണമേന്മ കുറയാത്ത ചിത്രങ്ങളെടുക്കുവാന്‍ ഈ ക്യമാറകള്‍ പ്രയോജനപ്പെടുത്താം. ചെറിയ പ്രിന്റ് ആവശ്യങ്ങള്‍ക്ക് ഇവയിലെടുക്കുന്ന ചിത്രങ്ങള്‍ ഉതകുമെങ്കിലും അല്പം വലിപ്പത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന്റെ നിലവാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൂടിയ ISOയിൽ ചിത്രങ്ങളെടുക്കുമ്പോൾ ഗ്രെയിന്‍സ് കൂടുതലായി ഉണ്ടാകുമെന്നതും ഈ ക്യാമറകളുടെ ഒരു അപര്യാപ്തതയാണ്.
ഡിജിറ്റൽ SLR ക്യാമറകൾ
ലെന്‍സില്‍ പതിയുന്ന പ്രകാശസ്രോതസ് തന്നെ ഒരു കണ്ണാടിയുടെ സഹായത്തോടെ പ്രതിഫലിപ്പിച്ച് വ്യൂഫൈന്‍ഡറില്‍ എത്തിക്കുന്ന ഡിജിറ്റല്‍ ക്യാമറകളെയാണ് ഡിജിറ്റൽ സിംഗിംള്‍ ലെന്‍സ് റിഫ്ലക്സ് അഥവാ DSLR എന്നു വിളിക്കുന്നത്. DSLR ക്യാമറയിലൂടെ പ്രകാശം സഞ്ചരിക്കുന്നതെങ്ങിനെയെന്ന് താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കും.
ലെന്‍സിലൂടെ കടന്നുവരുന്ന പ്രകാശത്തെ, ഒരു കണ്ണാടിയുടെ അല്ലെങ്കില്‍ ഒരു പെന്റാപ്രിസത്തിന്റെ (അഞ്ചു വശങ്ങളുള്ള ഒരു പ്രിസം, ചിത്രം ശ്രദ്ധിക്കുക) സഹായത്തോടെ വ്യൂഫൈന്‍ഡറില്‍ ദൃശ്യം ലഭ്യമാക്കിയതിനുശേഷം ഫോട്ടോയെടുക്കുവാനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍, സെന്‍സറിന് മുമ്പിലുള്ള കണ്ണാടി മുകളിലേക്ക് മടങ്ങി ചിത്രം സേന്‍സറിൽ പതിയുകയാണ് ചെയ്യുക. ആദ്യകാല DSLR ക്യാമറകളിൽ എല്‍സിഡി സ്ക്രീൻ ലഭ്യമായിരുന്നെങ്കിലും അവയിൽ ലൈവ് പ്രിവ്യൂ കാണുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ ആധുനിക DSLR ക്യാമറകളില്‍ ആ സാധ്യതയും മിക്ക ക്യാമറ നിര്‍മ്മാതാക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
DSLR ക്യാമറകളെ ക്യാമറ ബോഡി, ലെന്‍സ്, ഫ്ലാഷ് എന്നിങ്ങനെ മൂന്നായി വിഭജിക്കാവുന്നതാണ്. ഒരു ക്യാമറ ബോഡിയില്‍ത്തന്നെ സാഹചര്യങ്ങള്‍ക്കനുസൃതമായി ലെന്‍സുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം ഫ്ലാഷും തിരഞ്ഞെടുക്കാൻ സാധിക്കും. DSLR ക്യാമറകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകൾ വിവിധ വലിപ്പങ്ങളില്‍ ലഭ്യമാണ്. മീഡിയം ഫോര്‍മാറ്റ്, ഫുള്‍ ഫ്രെയിം എന്നിങ്ങനെ സെന്‍സറുകളുടെ വലിപ്പത്തിനനുസരിച്ച് DSLR ക്യാമറകള്‍ വിവിധ തരത്തിലുണ്ട്. സെന്‍സറുകളുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ചിത്രങ്ങളുടെ നിലവാരവും വ്യക്തതയും വർദ്ധിക്കുന്നു. കാനൺ EOS 5D, നിക്കോൺ D700, സോണി D900 എന്നിവയൊക്കെ ഈ DSLR ക്യാമറകൾക്ക് ഉദാഹരണങ്ങളാണ്.
വിപണിയില്‍ ലഭ്യമായ വിവിധയിനം ക്യാമറകളെ ഇതിനോടകം നമ്മള്‍ പരിചയപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഒരു ക്യാമറ ഉപയോഗിക്കുവാന്‍ മറ്റ് അനുബന്ധ സാമഗ്രികളും ആവശ്യമാണ്. ബാറ്ററി മുതൽ മികച്ച ട്രൈപോഡുകള്‍ വരെ ഈ ശ്രേണിയില്‍വരും.
ഒരു ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുവാന്‍ പലപ്പോഴും ക്യാമറ മാത്രം മതിയാവുകയില്ല. ക്യാമറയുടെ ഉപയോഗത്തെ സാധ്യമാക്കുന്നതും വിപുലീകരിക്കുന്നതുമായ വിവിധ ഉപകരണങ്ങള്‍ ലഭ്യമാണ്. ഉപയോഗത്തിലെ വൈദഗ്‌ധ്യത്തിനനുസരിച്ച് അനുബന്ധ ഉപകരണങ്ങളുടെ എണ്ണവും രീതിയും വ്യത്യാസപ്പെടാം. ക്യാമറയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന ബാറ്ററികള്‍, റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള റീചാര്‍ജ്ജറുകള്‍, കൂടുതല്‍ ചിത്രങ്ങള്‍ സൂക്ഷിക്കുവാന്‍ ഉപകരിക്കുന്ന മെമ്മറി കാര്‍ഡുകള്‍; ഇവയൊക്കെയും ഈ അനുബന്ധ ഉപകരണങ്ങളില്‍പ്പെടുന്നു.
ഇവയെക്കുറിച്ചെല്ലാമുള്ള സാമാന്യമായ അറിവ് ഇവ ഉപയോഗിക്കുമ്പോഴും പരിപാലിക്കുമ്പോഴും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
ബാറ്ററികള്‍
ഒരു ഡിജിറ്റല്‍ ക്യാമറ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ആല്‍ക്കലൈന്‍ ബാറ്ററികളേക്കാള്‍ റീചാര്‍ജ്ജബിള്‍ ബാറ്ററികളെയാണ് ആശ്രയിക്കുന്നത്. നിക്കല്‍ കാഡ്മിയം (NiCd), നിക്കല്‍ മെറ്റല്‍ ഹൈഡ്രൈഡ് (NiMH), ലിഥിയം അയോണ്‍ (Li-ion), ലിഥിയം അയോണ്‍ പോളിമര്‍ എന്നിങ്ങനെ വിവിധ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ റീചാര്‍ജ്ജബിള്‍ ബാറ്ററികളാണ് ഇന്ന് നിലവിലുള്ളത്. ഇവയില്‍ത്തന്നെ NiMH, Li-ion ബാറ്ററികളാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്.
റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയുന്നു.
- ബാറ്ററി വാങ്ങുമ്പോള്‍ വളരെകുറഞ്ഞ mAh (മില്ലി ആമ്പിയര്‍/അവര്‍) വിലയുള്ള ബാറ്ററികള്‍ ഒഴിവാക്കുക. ഓരോ റീചാര്‍ജ്ജിനുശേഷവും ബാറ്ററി ഉപയോഗിക്കുവാന്‍ സാധിക്കുന്ന സമയം, mAh വിലയുമായി നേര്‍അനുപാതത്തിലായിരിക്കും.
- ഓരോ പ്രാവശ്യവും ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് വിമുക്തമായതിനുശേഷം മാത്രം റീചാര്‍ജ്ജ് ചെയ്യുക.
- ബാറ്ററികള്‍ മാറുമ്പോള്‍ പെയറുകളായി മാറുക. (രണ്ട്/നാല് ബാറ്ററികള്‍ വീതം ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒരു സമയം രണ്ട്/നാല് ബാറ്ററികളും മാറ്റുക.) ഒരുസമയം ഉപയോഗിക്കുന്ന ബാറ്ററികളെല്ലാംത്തന്നെ ഒരേ നിര്‍മ്മാതാവിന്റെ ഒരേരീതിയിലുള്ളവ തന്നെയാകുന്നതാണ് കൂടുതല്‍ നല്ലത്.
- കൂടുതല്‍ കാലം ക്യാമറ ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ബാറ്ററികള്‍ ക്യാമറയില്‍നിന്നും എടുത്തുമാറ്റി സൂക്ഷിക്കുക.
ബാറ്ററി ചാര്‍ജ്ജറുകള്‍
റീചാര്‍ജ്ജബിള്‍ ബാറ്ററികളുടെ പ്രവര്‍ത്തനമികവ്, ഉപയോഗിക്കുന്ന ബാറ്ററി ചാര്‍ജ്ജറുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയന്ന് നോക്കാം.
- ബാറ്ററി ചാര്‍ജ്ജറുകള്‍ വാങ്ങുമ്പോള്‍ വിലക്കുറവ് മാത്രം കണക്കിലെടുക്കാതിരിക്കുക. എത്ര വേഗത്തില്‍ ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുവാന്‍ സാധിക്കുന്നു എന്നതിനനുസൃതമായി വിലയില്‍ വ്യത്യാസമുണ്ടാകും.
- ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്ത് കഴിഞ്ഞാല്‍ തനിയെ ചാര്‍ജ്ജിംഗ് അവസാനിപ്പിക്കുന്ന ചാര്‍ജ്ജറുകളാണ് കൂടുതല്‍ നല്ലത്.
- റിഫ്രഷ് ഫംക്ഷന്‍, LED ഇന്‍ഡിക്കേറ്റര്‍, ചാര്‍ജ്ജ് ഇന്‍ഡിക്കേറ്റര്‍ എന്നിങ്ങനെ കൂടുതല്‍ സാധ്യതകളുള്ള ചാര്‍ജ്ജറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
പല രീതിയിലുള്ള ബാറ്ററികള്‍ ഇടകലര്‍ത്തി ചാര്‍ജ്ജ് ചെയ്യുവാന്‍ നല്‍കാതിരിക്കുക. കഴിയുന്നതും ക്യാമറകളില്‍ ഉപയോഗിക്കുന്ന ബാറ്ററി പെയറുകള്‍ അതേ രീതിയില്‍ത്തന്നെ ചാര്‍ജ്ജറുകളിലും ഉപയോഗിക്കുക.
ക്യാമറ ബാഗുകള്‍
ഡിജിറ്റല്‍ ക്യാമറകളുടെ രൂപത്തിനും വലിപ്പത്തിനും അനുസൃതമായി വൈവിധ്യമാര്‍ന്ന ക്യാമറ ബാഗുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ക്യാമറ ബാഗ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു.
- ഓരോ ക്യാമറയ്ക്കും ശരിയായി ഇണങ്ങുന്ന ബാഗുകള്‍ തിരഞ്ഞെടുക്കുക.
- ആയാസരഹിതമായി കൊണ്ടുനടക്കുവാനും സൂക്ഷിക്കുവാനും ഉതകുന്ന രീതിയിലുള്ള ഒതുക്കമുള്ള ബാഗുകളാണ് തിരഞ്ഞെടുക്കേണ്ടത്.
- സ്ഥിരമായി ഉപയോഗമുള്ള അനുബന്ധ ഉപകരമങ്ങള്‍ (ഉദാ: ബാറ്ററികള്‍, ചാര്‍ജ്ജര്‍, ലെന്‍സുകള്‍ മുതലായവ) സൂക്ഷിക്കുവാനായി പ്രത്യേക അറകള്‍ ലഭ്യമായ ബാഗുകള്‍ കൂടുതല്‍ പ്രയോജനപ്രദമായിരിക്കും.
മെമ്മറി കാര്‍ഡുകള്‍
ഫ്ലാഷ് മെമ്മറി കാര്‍ഡുകളിലാണ് സാധാരണയായി ചിത്രങ്ങള്‍ സൂക്ഷിക്കപ്പെടുന്നത്. കോംപാക്ട് ഫ്ലാഷ്, മെമ്മറി സ്റ്റിക്ക്, മിനി എസ്.ഡി., മൈക്രോ എസ്.ഡി. എന്നിങ്ങനെ വിവിധ ഫോംഫാക്ടറുകളില്‍ മെമ്മറി ഫ്ലാഷ് കാര്‍ഡുകള്‍ ലഭ്യമാണ്. മെമ്മറി കാര്‍ഡ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന ക്യാമറ പിന്തുണയ്ക്കുന്ന ഫോംഫാക്ടറിലുള്ള മെമ്മറി കാര്‍ഡുകളാണ് തിരഞ്ഞെടുക്കേണ്ടത്. മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കൂ.
- ഒരു 8 ജിബി കാര്‍ഡ് വാങ്ങി ഉപയോഗിക്കുന്നതിലും നല്ലത് രണ്ട് 4 ജിബി കാര്‍ഡ് വാങ്ങുന്നതായിരിക്കും. ഒരു കാര്‍ഡ് പ്രവര്‍ത്തനരഹിതമായാലും മറ്റൊന്ന് ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം.
- മെമ്മറി കാര്‍ഡ് പൂര്‍ണ്ണമായും നിറഞ്ഞതിനുശേഷം കമ്പ്യൂട്ടറിലേക്ക് മാറ്റുവാന്‍ നില്‍ക്കാതെ ഇടയ്ക്കിടെ ചിത്രങ്ങള്‍ സിസ്റ്റത്തിലേക്ക് മാറ്റുക.
- ഓരോ ചിത്രമായി ക്യാമറയില്‍ നിന്നുതന്നെ ഇടയ്ക്കിടെ ഡിലീറ്റ് ചെയ്യാതിരിക്കുക. ഈ രീതിയില്‍ ഓരോ ചിത്രമായി ഡിലീറ്റ് ചെയ്യുന്നത് മെമ്മറി ഫ്രാഗ്മെന്റേഷന് കാരണമാകും.
- കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ അത് ക്യാമറയില്‍ നിന്നുതന്നെ ചെയ്യുന്നതാണ് ഉത്തമം.
വിവിധ മെഗാ പിക്സല്‍ ക്യാമറകളില്‍ ഓരോ ചിത്രത്തിനും സൂക്ഷിക്കുവാന്‍ ആവശ്യമായ മെമ്മറിയും ഓരോ മെമ്മറി കാര്‍ഡിലും ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കുന്ന പട്ടികയാണ് മുകളില്‍.
ട്രൈപോഡുകള്‍
ചിത്രങ്ങളുടെ വ്യക്തത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ക്യാമറയ്ക്ക് ഉണ്ടാകുന്ന ചലനങ്ങളാണ്. വളരെ നേരിയ ചലനങ്ങള്‍ പോലും ചിത്രത്തിന്റെ ഗുണമേന്മയെ ബാധിച്ചേക്കാം. ഇതിനൊരു പരിഹാരമാണ് ട്രൈപോഡുകള്‍.
മൂന്നു കാലുകളുള്ള ഇതിനു മുകളില്‍ ക്യാമറ ഘടിപ്പിച്ചതിനുശേഷം ഉയരം ക്രമീകരിച്ച് ചിത്രങ്ങള്‍ പകര്‍ത്താവുന്നതാണ്. ഒരു കാല്‍ മാത്രമുള്ള മോണോപോഡുകളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. കാലുകള്‍ക്ക് മുകളിലായുള്ള ‘ഹെഡ്’ എന്ന ഭാഗത്താണ് ക്യാമറ ഘടിപ്പിക്കേണ്ടത്. 3 വേ പാന്‍ ടില്‍റ്റ് ഹെഡ്, ബോള്‍ ഹെഡ് എന്നിങ്ങനെ വിവിധ രീതികളിലുള്ള ഹെഡ്ഡുകള്‍ ലഭ്യമാണ്. കാലുകളുടെ ഗുണമേന്മ, ബലം, ഹെഡ്ഡിലെ സാധ്യതകള്‍ എന്നിവയ്ക്ക് അനുസൃതമായാണ് ട്രൈപോഡിന്റെ വില നിശ്ചയിക്കപ്പെടുന്നത്. സാധാരണ ഉപയോഗങ്ങള്‍ക്ക് ട്രൈപോഡുകള്‍ ഒരു അനിവാര്യഘടകമല്ലെങ്കിലും, മികച്ച ചിത്രങ്ങള്‍ പകര്‍ത്തേണ്ടുന്ന ഘട്ടങ്ങളില്‍ ട്രൈപോഡുകള്‍ ഒഴിവാക്കുവാന്‍ കഴിയില്ല.
ഏത് ക്യാമറ വാങ്ങണം?
ക്യാമറകളെക്കുറിച്ച് ഒരുവിധം നല്ല ധാരണയുള്ളവരെപ്പോലും കുഴക്കുവാന്‍ തക്കവണ്ണം വിവിധ തരത്തിലും വലിപ്പത്തിലും വിലകളിലുമുള്ള വിവിധ കമ്പനികളുടെ, വ്യത്യസ്ത ഉപയോഗസാധ്യതകളുള്ള നിരവധി ക്യാമറകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവയില്‍നിന്നും അനുയോജ്യമായ ഒരു ക്യാമറ തിരഞ്ഞെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്.
മൊബൈല്‍ ക്യാമറകള്‍
ഫോട്ടോഗ്രഫിയില്‍ വലിയ താല്‍പര്യമില്ലാത്ത എന്നാല്‍ നിത്യജീവിതത്തിലെ സംഭവങ്ങള്‍ ചിത്രങ്ങളാക്കി സൂക്ഷിക്കുന്നതില്‍ കൗതുകമുള്ള ഒരാള്‍ക്ക് ചേരുന്നത് മൊബൈല്‍ ക്യാമറകളാണ്. ക്ലിക്ക് ചെയ്യുക, കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി സൂക്ഷിക്കുക, അത്യാവശ്യം പോസ്റ്റ്-കാര്‍ഡ് സൈസില്‍ പ്രിന്റുകളെടുക്കുക എന്നിവയൊക്കെ ഈ ക്യാമറകളില്‍ നടക്കും. അഥവാ, അത്രയുമൊക്കെ ചെയ്യാനേ ഇവയുപയോഗിച്ച് കഴിയുകയുള്ളൂ.
കോംപാക്ട് ക്യാമറകള്‍
ഫോട്ടോകള്‍ എടുക്കുവാന്‍ താല്‍പര്യമുണ്ട്, നല്ല ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത് സൂക്ഷിക്കുവാനും ആഗ്രഹിക്കുന്നു; എന്നാല്‍ മികച്ച ചിത്രങ്ങള്‍ എടുക്കുവാനായി സമയം ചെലവഴിക്കാനോ ക്യാമറയിലെ വിവിധ സെറ്റിംഗുകള്‍ ക്രമീകരിച്ച് പരീക്ഷണങ്ങള്‍ നടത്താനോ ഒന്നും താല്‍പര്യമില്ല. ഇത്തരക്കാര്‍ക്കാണ് ഈ ക്യാമറ കൂടുതല്‍ ചേരുക. ധാരാളമായി യാത്രകള്‍ ചെയ്യുന്നവര്‍ക്കും ഈ ക്യാമറ ഉപകാരപ്രദമായിരിക്കും.
ബ്രിഡ്ജ് ക്യാമറകള്‍
ചിത്രങ്ങള്‍ എടുക്കുന്നു എന്നതിനപ്പുറം, ഫോട്ടോഗ്രഫിയില്‍ വ്യത്യസ്തത തേടുന്നവര്‍ക്കാണ് ഈ ക്യാമറകള്‍ ഇണങ്ങുക. DSLR ക്യാമറകളില്‍ സാധ്യമായ ഒട്ടുമിക്കവാറും എല്ലാ സാധ്യതകളും ഇവയില്‍ അടങ്ങിയിയിരിക്കും. ഫോട്ടോഗ്രഫിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുവാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ഈ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോഗ്രഫി പഠനം ആരംഭിക്കാം. എന്നാല്‍ അങ്ങിനെയുള്ളവര്‍ സമീപഭാവിയില്‍ത്തന്നെ DSLR ക്യാമറകളിലേക്ക് മാറാനുള്ള സാധ്യതയുമുണ്ട്. ചുരുക്കത്തില്‍ DSLR ക്യാമറകള്‍ക്കായി കൂടുതല്‍ മുടക്കുവാന്‍ തയ്യാറല്ലാത്ത, ഫോട്ടോഗ്രഫിയില്‍ ഉയരുവാനാഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കാണ് ഈ ക്യാമറകള്‍ കൂടുതലിണങ്ങുക.
DSLR ക്യാമറകള്‍
ഫോട്ടോഗ്രഫി ഒരു ഉപജീവനമാര്‍ഗമാക്കുന്നവര്‍, അതിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ മനസ്സുള്ളവര്‍, വിനോദമാണെങ്കില്‍ക്കൂടി ഫോട്ടോഗ്രഫിയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചേരുന്ന ക്യാമറകളാണിവ. ഫോട്ടോഗ്രഫിയെ സംബന്ധിച്ചുള്ള സാങ്കേതികമായ ഒട്ടേറെ കാര്യങ്ങളിലെ അറിവ് ഇത്തരം ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം.
മുകളില്‍ പറഞ്ഞ ഓരോ വിഭാഗത്തിലും വിലയെ അടിസ്ഥാനമാക്കി ബഡ്ജറ്റ്, മിഡ്-റേഞ്ച്, ഹൈ-എന്‍ഡ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ക്യാമറകള്‍ ലഭ്യമായിരിക്കും. ലഭ്യമായ സാധ്യതകളിലും ലഭിക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരത്തിലും ചിത്രങ്ങളുടെ വലിപ്പത്തിലുമെല്ലാം വിലയ്ക്ക് ആനുപാതികമായി വര്‍ദ്ധന പ്രതീക്ഷിക്കാം.
കാനണ്‍, നിക്കണ്‍ എന്നീ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകളാണ് ഇന്ന് കൂടുതലായി വിറ്റഴിയുന്നത്. സോണി, പാനസോണിക്, ഒളിമ്പസ്, സാംസംഗ്, കൊഡാക് എന്നീ കമ്പനികളുടെ ഡിജിറ്റല്‍ ക്യാമറകളും വിപണിയില്‍ ലഭ്യമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കുതകുന്ന, മുടക്കുവാനുദ്ദേശിക്കുന്ന വിലയ്ക്കുള്ളില്‍ നില്‍ക്കുന്ന വിശ്വാസമുള്ള ഒരു കമ്പനിയുടെ ക്യാമറ വാങ്ങുക എന്ന് ചുരുക്കിപ്പറയാം.
എത്ര സൂം ആവശ്യമാണ്?
DSLR ക്യാമറകളുടെ കാര്യത്തില്‍ ഇതത്ര പ്രാധാന്യം നല്‍കേണ്ട ഒന്നല്ല. ആവശ്യത്തിനുതകുന്ന സൂം ലെന്‍സുകള്‍ പിന്നീട് വാങ്ങി ഉപയോഗിക്കാനുള്ള സാധ്യത ഇവയ്ക്കുണ്ട്. എന്നാല്‍ മറ്റ് ക്യാമറകള്‍ വാങ്ങുമ്പോള്‍ ഇത് കുഴക്കുന്ന ഒരു ചോദ്യമാണ്.
സാധാരണ ക്യാമറകളില്‍ ഡിജിറ്റല്‍ സൂം, ഒപ്റ്റിക്കല്‍ സൂം എന്നിങ്ങനെ രണ്ട് രീതിയിലുള്ള സൂം ഓപ്ഷനുകള്‍ ലഭ്യമായിരിക്കും. ഇതില്‍ ഡിജിറ്റല്‍ സൂം പ്രാധാന്യം നല്‍കേണ്ട ഒന്നല്ല. ഒരു ചിത്രം പകര്‍ത്തിയതിനുശേഷം കമ്പ്യൂട്ടറില്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വലുതാക്കുന്ന പ്രയോജനമേ ഇതുകൊണ്ട് ലഭിക്കുകയുള്ളൂ. ഡിജിറ്റല്‍ സൂം ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ മേന്മയും കുറവായിരിക്കും.
ക്യാമറ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് എത്ര സൂം ആവശ്യമാണ് എന്നു തീരുമാനിക്കേണ്ടത്. വീടിനുള്ളില്‍ വ്യക്തികളുടെയും മറ്റും ചിത്രങ്ങളെടുക്കുവാനാണ് ക്യാമറ ഉപയോഗിക്കുന്നതെങ്കില്‍ 2x, 3x സൂം ഫാക്ടറുള്ള ക്യാമറകള്‍ മതിയാകും. പ്രകൃതിദൃശ്യങ്ങളും മറ്റും എടുക്കുവാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ 5x വരെയുള്ള ക്യാമറകളാകും യോജിക്കുക. സ്റ്റേജ് ഷോകള്‍, മൃഗസങ്കേതകങ്ങള്‍ തുടങ്ങി അടുത്ത് ചെന്നെടുക്കാന്‍ സാധിക്കാത്ത ഇടങ്ങളിലാണ് ക്യാമറ ഉപയോഗിക്കുന്നതെങ്കില്‍ 7x-ന് മുകളില്‍ സൂം ഫാക്ടറുള്ളവ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം.
എന്താണ് സൂം ഫാക്ടര്‍?
ഒരു സൂം ലെന്‍സിന് കൈകാര്യം ചെയ്യാവുന്ന ഫോക്കല്‍ ലെംഗ്ത്തുകളെയാണ് സൂം ഫാക്ടര്‍ പ്രതിനിധീകരിക്കുന്നത്. അതായത് വൈഡ് ആംഗിളില്‍ നിന്നും ടെലിഫോട്ടോയിലേക്കുള്ള വ്യത്യാസമാണ് സൂം ഫാക്ടര്‍ ഉപയോഗിച്ച് പറയുന്നത്. 6.00 72.00 mm എന്ന രീതിയില്‍ ലെന്‍സുകള്‍ക്ക് മുമ്പിലായി എഴുതിയിട്ടുണ്ടാകും. ഇതില്‍ രണ്ടാമതുപറയുന്ന വിലയെ ഒന്നാമത്തെ വില ഉപയോഗിച്ച് ഹരിക്കുക. 72/6 = 12, അതായത് പ്രസ്തുത ലെന്‍സ് 12x സൂം സാധ്യമാക്കുന്നു എന്ന് മനസ്സിലാക്കാം.
ISO വില എത്രയായിരിക്കണം?
ചിത്രം പകര്‍ത്തപ്പെടുന്ന സെന്‍സറിന്റെ പ്രതിപ്രവര്‍ത്തനസ്വഭാവമാണ് ISOയിലൂടെ പ്രതിപാദിക്കുന്നത്. കുറഞ്ഞ ISO വില ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ക്ക് മേന്മ കൂടുതലായിരിക്കും. എന്നാല്‍ കുറഞ്ഞ പ്രകാശത്തിലോ, വസ്തു വേഗത്തില്‍ ചലിക്കുന്ന അവസരങ്ങളിലോ കുറഞ്ഞ ISOയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കില്ല. ഈ സാഹചര്യങ്ങളില്‍ കൂടിയ ISO ഉപയോഗിക്കേണ്ടതായി വരും. ഉയര്‍ന്ന ISOയിലെടുക്കുന്ന ചിത്രങ്ങളുടെ മേന്മ, സെന്‍സറിന്റെ ഗുണനിലവാരവുമായി നേര്‍ അനുപാതത്തിലായിരിക്കും. ഏറ്റവും കുറഞ്ഞ ISO വിലകളും ഉയര്‍ന്ന ISO വിലകളും ലഭ്യമായ ക്യാമറകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇപ്രകാരം തിരഞ്ഞെടുക്കുന്നത് എല്ലാ സാഹചര്യങ്ങളിലും ക്യാമറ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്നു.
ഏതുതരം ബാറ്ററികളാണ് ക്യാമറ ഉപയോഗിക്കുന്നത്, സ്റ്റോറേജ് മീഡിയം ഏതാണ്, ക്യാമറ സാധ്യമാക്കുന്ന കൂടിയ റെസൊല്യൂഷന്‍ എത്രയാണ്, എത്ര മെഗാപിക്സലുകളിലാണ് ചിത്രം പകര്‍ത്തപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളും ക്യാമറ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
kk.viswanathan
(കടപ്പാട് - ഹരീഷ് നമ്പൂതിരി )
********************************************************************************** kk.viswanathan
(കടപ്പാട് - ഹരീഷ് നമ്പൂതിരി )
sir
there will be a meeting of head masters and sitcs as scheduled below. pls attend in time.
Agenda
SAMPOORNA software
parent awareness program
Venue ; kannur Edn Dist GVHSS(sports) kannur
Thalassery Edn. DIST GGHS Thalassery
Date time Sub. Dist.
17/8/11 1.30 PM Kannur north, kannur south, pappinissery
19/8/11 10 AM Payyannur, Madayi, Thaliparamba South
19/8/11 2 PM Thalapaamba north, Irikkur
19/8/11 10 AM Thalasssery South, North, panoor, chokli
19/8/11 2 PM iritty, mattannur, kuthuparamba
--
District Coordinator,
IT @ School,
Kannur
HTML Comment Box is loading comments...
*/ -->